X
    Categories: tech

നേട്ടം കൊയ്ത് എയര്‍ടെല്‍; വോഡഫോണ്‍ഐഡിയയെ കൈവിട്ട് വരിക്കാര്‍

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്‍ 38 ലക്ഷം വയര്‍ലെസ് വരിക്കാരെ ചേര്‍ത്തു. എന്നാല്‍ റിലയന്‍സ് ജിയോയ്ക്ക് 15 ലക്ഷം പേരെ മാത്രമാണ് അധികം ചേര്‍ക്കാന്‍ കഴിഞ്ഞത്. അതേസമയം വോഡഫോണ്‍ ഐഡിയക്ക് 46.5 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

മുന്‍നിര ടെലിക്കോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയക്ക് സെപ്റ്റംബറില്‍ മാത്രം നഷ്ടമായത് 46.53 ലക്ഷം ഉപയോക്താക്കളെയാണ്. ജിയോയും എയര്‍ടെലും ബിഎസ്എന്‍എലും മാത്രമാണ് വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നത്. എയര്‍ടെല്ലിന്റെ ഉപയോക്തൃ അടിത്തറ ജിയോയേക്കാള്‍ വേഗത്തില്‍ കുതിച്ചുയര്‍ന്ന തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണിത്.

എയര്‍ടെല്ലിന്റെ വയര്‍ലെസ് ഉപയോക്തൃ അടിത്തറ മാസത്തില്‍ 1.17 ശതമാനം വര്‍ധിച്ച് 32.66 കോടിയായി. ജിയോയുടെ വളര്‍ച്ച 0.36 ശതമാനം കൂടി 40.41 കോടിയുമായി. വോഡഫോണ്‍ ഐഡിയ 46 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതോടെ മൊത്തം വരിക്കാരുടെ എണ്ണം 29.55 കോടിയായി.

വയര്‍ലൈന്‍ വിഭാഗത്തില്‍, 303,205 വരിക്കാരെ ചേര്‍ത്ത ജിയോയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇത് എയര്‍ടെല്ലിനേക്കാള്‍ മുകളിലാണ്.ഇതോടെ 21 ലക്ഷം ഉപയോക്താക്കളുള്ള ജിയോയുടെ വയര്‍ലൈന്‍ ബേസ് സെപ്റ്റംബര്‍ മാസത്തില്‍ എയര്‍ടെല്ലിന്റെ 44 ലക്ഷത്തിന്റെ പകുതിയോളമെത്തി.

സെപ്റ്റംബറില്‍ ജിയോയുടെ മൊത്തം ആക്ടീവ് അല്ലാത്ത വരിക്കാരുടെ എണ്ണം 85.9 ദശലക്ഷമാണ് കാണിക്കുന്നത്. മൊത്തം വരിക്കാരുടെ 21 ശതമാനം വരുമിത്. അതേസമയം, എയര്‍ടെല്ലിന്റെ 96.9 ശതമാനം ഉപയോക്താക്കളും വോഡഫോണ്‍ ഐഡിയയുടെ 88.4 ശതമാനം ഉപയോക്താക്കളും ആക്ടീവാണ്.

Test User: