ടെലികോം കമ്പനിക്കെതിരെ പഞ്ചാബിലും മറ്റും നടക്കുന്ന കര്‍ഷക പ്രതിഷേധ, ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ എതിരാളികളാണെന്ന് ജിയോ നല്‍കിയിരിക്കുന്ന പരാതി അര്‍ഹിക്കുന്ന പുച്ഛത്തൊടെ തള്ളിക്കളയണമെന്ന് എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ജിയോയുടെ ആരോപണം അടിസ്ഥാനരഹിതവും അരോചകവുമാണെന്ന് എയര്‍ടെല്‍ പറയുന്നു. തങ്ങളുടെ വാദത്തിന് എന്തു തെളിവാണ് ജിയോയുടെ കൈവശമുള്ളതെന്നും എയര്‍ടെല്‍ ചോദിക്കുന്നു.
റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഡിസംബര്‍ 28ന് നല്‍കിയ പരാതിയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണ് എന്നാണ് ടെലികോം സെക്രട്ടറി അന്‍ശു പ്രകാശിനു നല്‍കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നത്. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടുവെന്നത് തങ്ങള്‍ക്ക് അറിയാമെന്നും എയര്‍ടെല്‍ പറയുന്നുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പോലെയൊരു പരാതി ഡിസംബര്‍ ആദ്യവും ജിയോ തങ്ങള്‍ക്കെതിരെ നല്‍കിയിരുന്നു. അതിനും അന്ന് മറുപടി നല്‍കിയിരുന്നുവെന്നും എയര്‍ടെല്‍ പറയുന്നു.
കൂടാതെ തങ്ങളുടെ ഇടപെടലിലുള്ള ഒരു തെളിവും ജിയോ ഹാജരാക്കിയിട്ടില്ലെന്നതു ശ്രദ്ധിക്കണമെന്നും എയര്‍ടെല്‍ ആവശ്യപ്പെട്ടു. സത്യംപറഞ്ഞാല്‍, ജിയോ വരിക്കാരെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ടു ചെയ്യിക്കാന്‍ പാകത്തിനുള്ള സര്‍വശക്തരാണ് തങ്ങളെന്ന് ജിയോ വിശ്വസിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. തങ്ങള്‍ക്ക് ഇത്തരം ശക്തിയൊക്കെ ഉണ്ടായിരുന്നെങ്കില്‍ ജിയോ ഉപയോക്താക്കളെ സമ്പാദിച്ചു കൂട്ടിയ സമയത്ത് അത് തങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പുറത്തെടുത്തേനെ എന്നും എയര്‍ടെല്‍ പറയുന്നു.
തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന തെളിവുകളില്‍ കൃത്യമായി കാണിക്കുന്നത് എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും ചാനല്‍ പങ്കാളികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് തകര്‍ക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ജിയോ അവകാശപ്പെടുന്നത്. ജിയോയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും നിയന്ത്രിച്ചില്ലെന്നും ജിയോ ആരോപിക്കുന്നു. എന്നാല്‍ ഇതിനൊക്കെയുള്ള തെളിവു ചോദിച്ച് ജിയോയ്ക്കു നല്‍കിയ കത്തിനു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടെലികോം സേവനങ്ങള്‍ തടസപ്പെടുത്തുന്ന നടപടിയെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും എയര്‍ടെല്‍ പറയുന്നു. അത്യന്താപേക്ഷിതമായ സേവനങ്ങളിലൊന്നാണ് ടെലികോം. അതിനെതിരെയുള്ള ആക്രമണങ്ങള്‍ നിയമലംഘനമാണെന്നും അവര്‍ പറയുന്നു. ടെലികോം സേവനം ഇടതടവില്ലാതെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇപെടലുണ്ടാകണമെന്നും തങ്ങള്‍ എക്കാലത്തും വാദിച്ചുവന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.