രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ടെലികോം സേവനദാതാവായി ഭാരതി എയര്‍ടെല്‍. ഹൈദരാബാദ് നഗരത്തില്‍ 5ജി സേവനം വിജയകരമായി പ്രദര്‍ശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയര്‍ടെല്‍ വ്യാഴാഴ്ചയാണ് അവകാശപ്പെട്ടത്.
എന്‍എസ്എ (നോണ്‍ സ്റ്റാന്‍ഡ് അലോണ്‍) നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയിലൂടെ നിലവിലുള്ള 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ ലിബറലൈസ്ഡ് സ്‌പെക്ട്രത്തിന്റെ സേവനം ഉപയോഗിച്ചാണ് 5ജി സേവനം പരീക്ഷിച്ച് വിജയിച്ചതെന്ന് എയര്‍ടെല്‍ വക്താവ് പറഞ്ഞു. നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5ജിക്ക് 10x വേഗം, 10x ലേറ്റന്‍സി, 100x കണ്‍കറന്‍സി എന്നിവ നല്‍കാന്‍ കഴിയുമെന്ന് എയര്‍ടെല്‍ അവകാശപ്പെടുന്നു.
ഹൈദരാബാദില്‍ ഉപയോക്താക്കള്‍ക്ക് 5ജി സ്മാര്‍ട് ഫോണില്‍ നിമിഷങ്ങള്‍ക്കകം ഒരു മുഴുനീള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചു, ഇത് കമ്പനിയുടെ സാങ്കേതിക കഴിവുകള്‍ക്ക് അടിവരയിടുന്നതാണ്. ആവശ്യത്തിന് സ്‌പെക്ട്രം ലഭ്യമാകുകയും സര്‍ക്കാര്‍ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ 5ജിയുടെ മുഴുവന്‍ സാധ്യതകളും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭ്യമാകുമ്പോള്‍ സിം കാര്‍ഡുകള്‍ സ്വിച്ചുചെയ്യേണ്ട ആവശ്യമില്ലെന്നും എയര്‍ടെല്‍ അവകാശപ്പെടുന്നു.
അതേസമയം, 2021 ന്റെ രണ്ടാം പകുതിയില്‍ ജിയോയുടെ 5 ജി നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് റിലയന്‍സ് സിഇഒ മുകേഷ് അംബാനിയും പ്രഖ്യാപിച്ചിരുന്നു.