ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബില്‍നിന്ന് വിമതരെ തുരത്താന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേന തയാറെടുത്തുവെന്ന റഷ്യന്‍ പ്രഖ്യാപനത്തിന് പിന്നാലെ മേഖലയില്‍ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഭീകരതയുടെ പോക്കറ്റ് എന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഇദ്്‌ലിബിനെ വിശേഷിപ്പിച്ചത്. ഏഴ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് ഇദ്‌ലിബിലെ വിമത സാന്നിദ്ധ്യം തടസ്സം സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവിശ്യയിലെ ജിസ്‌റുല്‍ ഷുഗൂര്‍ ഗ്രാമത്തിലുണ്ടായ വ്യോമാക്രണങ്ങളില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി വിമതര്‍ പറയുന്നു. ചൊവ്വ രാവിലെ 23 വ്യോമാക്രമണങ്ങളുണ്ടായി. റഷ്യയുടെയും സിറിയയുടെയും പോര്‍വിമാനങ്ങള്‍ മേഖലയില്‍ കണ്ടതായി വിമതര്‍ അറിയിച്ചു. സൈനിക നടപടിയില്‍ റഷ്യന്‍ സേന പങ്കെടുക്കുമോ എന്ന് സ്ഥിരീകരിക്കാന്‍ റഷ്യ തയാറായിട്ടില്ല.