X

ആറ് വിമാനതാവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു; തീരുമാനം നാളെ

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നു.തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്സര്‍, യുപിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഛത്തിസ്ഗഡിലെ റായ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് രണ്ടാം ഘട്ട സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. ഇതിനുള്ള നിര്‍ദ്ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. ഇതില്‍ 25-ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ആദ്യ ഘട്ടത്തില്‍ ആറു വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം, ലക്നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗലാപുരം, ഗുവാഹതി എന്നിവയാണ് ആദ്യ ഘട്ട സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയത്. അദാനി എന്റര്‍പ്രൈസസ് ആണ് ഇതിനുള്ള കരാര്‍ നേടിയത്. തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങള്‍ ഇതുവരെ അദാനി ഗ്രൂപ്പിന് കൈമാറിയിട്ടില്ല.

വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നടപടി.

 

web desk 1: