ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു വിട്ടു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചാണ് ഇതിന്മേല്‍ ഇന്നു നടപടിയുണ്ടായത്.
മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ വിമാനത്താവളങ്ങളാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അദാനി സംരംഭത്തിനു വിട്ടു നല്‍കാന്‍ തീരുമാനമായത്. അതേസമയം വിമാനത്താവളങ്ങളിലെ ജോലിക്കാര്‍ക്ക് അദാനി ഗ്രൂപ്പിനൊപ്പം ചേരുകയോ എയര്‍പോര്‍ട്ട് അതോറിറ്റിക്കൊപ്പം തന്നെ നിലനില്‍ക്കുകയോ ചെയ്യാം.
തിരുവനന്തപുരം, മംഗലാപുരം, ലക്‌നൗ, ഗുവാഹത്തി, ജയ്പൂര്‍, അഹമ്മദാബാദ് എന്നീ ആറ് വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനാനുമതി കഴിഞ്ഞ വര്‍ഷം തന്നെ ലേലത്തിലൂടെ അദാനി ഗ്രൂപ്പ് നേടിയെടുത്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട മൂന്നെണ്ണത്തിനാണ് ഇപ്പോള്‍ അദാനിക്കു വിട്ടു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാംഗീകാരമായത്. ബാക്കി മൂന്നെണ്ണം കൂടി വിട്ടു കൊടുക്കാനുള്ള മന്ത്രിസഭാ നടപടി ഉടന്‍ ഉണ്ടായേക്കും.
ആറ് എയര്‍പോര്‍ട്ടുകളുടെയും നടത്തിപ്പു ചുമതല അദാനിക്കു കൈമാറുന്നതിലൂടെ പ്രതിവര്‍ഷം 1300 കോടി എയര്‍പോര്‍ട്ട് അതോറിറ്റിക്കു ലഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇത് വിമാനത്താവളങ്ങള്‍ക്കകത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കും.