X

മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു: തകര്‍ന്നത് മൂന്ന് മാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍

മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് അപകടം. ജബല്‍പൂരിലെ ഡുംന വിമാനത്താവളത്തിന്റെ വികസിപ്പിച്ച പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് മുന്നിലെ റൂഫിന്റെ മേല്‍ ഭാഗമാണ് തകര്‍ന്നു വീണത്. 3 മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണിത്. മാര്‍ച്ച് പത്തിനായിരുന്നു ഉദ്ഘാടനം.

തലനാരിഴക്കാണ് വന്‍ അപകടത്തില്‍ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. രാവിലെ 11.30 ഓടെ, ഉദ്യോഗസ്ഥന്‍ എയര്‍പോര്‍ട്ടിനുള്ളിലേക്ക് പോകാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മഴയെ തുടര്‍ന്ന് അസാധാരണമാംവിധം ഉയര്‍ന്ന അളവിലുള്ള വെള്ളം വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാറിന് വലിയ കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടമൊന്നുമില്ലെന്നാണ് പറയുന്നത്.

അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അഴിമതിയാണ് മേല്‍ക്കൂര തകര്‍ന്നതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചിരുന്നു. എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.

webdesk13: