നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും പല തവണയായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതിന്റെ ഉത്തരവാദിത്തം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജോലികള്‍ ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടി വക്കാന്‍ കസ്റ്റംസിന്റെ ശ്രമം. കസ്റ്റംസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇത്തരത്തില്‍ ശ്രമം നടത്തിയത്. ലഗേജില്‍ നിന്നും യാത്രക്കാരുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുന്നതിന് പിന്നില്‍ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജീവനക്കാരായിരിക്കാമെന്നും ഇവരെ നിയമിക്കുമ്പോള്‍ വിമാനത്താവള അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നുമാണ് കമ്മീഷണര്‍ പറഞ്ഞത്.
കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ യാത്രക്കാരാണ് ലഗേജില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പരാതി ഉന്നയിച്ചിരുന്നത്.കരിപ്പൂരില്‍ നാല് മാസത്തിനിടെ ഇരുപതോളം പരാതികളാണ് ലഭിച്ചത്.