കോഴിക്കോട്: മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എയര്‍പോര്‍ട്ട് ആന്റ് എയര്‍ലൈന്‍സ് മാനേജ്‌മെന്റ് കോഴ്‌സിനു ചേര്‍ന്നു തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്. ഇന്നു മുതല്‍ സ്ഥാപനത്തിനു മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നു വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ മൂന്നു വര്‍ഷ കാലയളവുള്ള കോഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് നാലു ലക്ഷം രൂപവരെ ഫീസ് വാങ്ങിയാണ് കോഴ്‌സില്‍ ചേര്‍ന്നത്. കോഴ്‌സ് കഴിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
തങ്ങളുടെ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തിന്റെ അധികാരികള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതുകാരണം തങ്ങള്‍ക്ക് ഒരു വര്‍ഷം നഷ്ടമായി. ഇതേ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത അധ്യയനവര്‍ഷവും നഷ്ടമാവുമെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. അതേസമയം കേസന്വേഷണത്തില്‍ നിന്നും നടക്കാവ് എസ്.ഐ.യെ മാറ്റി ഡിവൈ.എസ്.പിക്ക് ചുമതല നല്‍കിയെങ്കിലും ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. നടക്കാവ് പൊലീസില്‍ നിന്ന് നീതി കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസ് സ്ഥാപനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹര്‍ഷാദ്, കീര്‍ത്തിമ, രേഷ്മ, ആതിര, ഷിറ്റിഷ എന്നിവര്‍ പങ്കെടുത്തു.