കരിപ്പൂര്‍: വിമാനത്താവളത്തില്‍ ‘റെസ’ വികസന പദ്ധതിക്കായി വേണ്ടിവരുന്ന മണ്ണ് നിരത്തല്‍ പ്രവര്‍ത്തനത്തിന്റെ ചെലവ് വഹിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചതായി റോഡ്, ഗതാഗത,സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജനറല്‍ ഡോ. വിജയകുമാര്‍ സിംഗ് വിമാനത്താവള ഉപദേശസമിതി ചെയര്‍മാന്‍ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പിയെ അറിയിച്ചു. ഈ വിഷയം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു പ്രത്യേക ഇളവ് എന്ന നിലയിലാണ് അതോറിറ്റി ചെലവ് ഏറ്റെടുക്കുന്നതെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
റണ്‍വേയുടെ നീളം വെട്ടിച്ചുരുക്കാതെയുള്ള വികസനത്തിനാവശ്യമായ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ടത്. ഭൂമിയുടെ കാര്യത്തിലുള്ള ബാധ്യത സര്‍ക്കാര്‍ വഹിച്ചുകൊണ്ട് തീര്‍ത്തും സൗജന്യമായാണ് അതോറിറ്റിക്ക് ആവശ്യമായ സ്ഥലം നല്‍കേണ്ടത്. അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറുന്നതിന് തങ്ങള്‍ കാത്തിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. അതിനിടയില്‍ റെസ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പദ്ധതിരേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്ന ജോലിക്ക് തുടക്കം കുറിച്ചുകഴിഞ്ഞിട്ടുണ്ട്. റെസ നിര്‍മ്മാണത്തിലെ മണ്ണ് നിരപ്പാക്കല്‍ പ്രവര്‍ത്തനത്തിന്റെ ചിലവിന്റെ ബാധ്യത സംബന്ധമായ തടസ്സം നീക്കാന്‍ ഇടപെടണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് നേരിട്ടും ആവശ്യപ്പെട്ടിരുന്നതായി സമദാനി അറിയിച്ചു. ഈ പ്രശ്‌നത്തിനൊരു പരിഹാരമുണ്ടാക്കാന്‍ താന്‍ ആലോചിക്കുമെന്ന് അന്നേ മന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. നടന്നുവരുന്ന പതിവ് തെറ്റിച്ചുകൊണ്ട് കരിപ്പൂരില്‍ ചിലവ് സ്വയംഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറായതിന് സിവില്‍ ഏവിയേഷന്‍ മന്ത്രിക്കും സഹമന്ത്രിക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും സമദാനി നന്ദി പറഞ്ഞു.