അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനങ്ങൾ അമൃത്സറിൽ മാത്രമിറക്കി പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി പാർട്ടി, കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അമേരിക്ക നാടുകടത്തുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് വിമാനമെത്തുന്ന ഘട്ടത്തിലാണ് പുതിയ വിവാദമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള നടപടികൾ എങ്ങനെയാകുമെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ വിമാനമിറങ്ങിയത്.അനധികൃത കുടിയേറ്റം പഞ്ചാബിന്റെ മാത്രം പ്രശ്നമല്ലാതിരുന്നിട്ടും അങ്ങനെ വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ കുറ്റപ്പെടുത്തി.
വിശുദ്ധ നഗരമായ അമൃത്സറിനെ നാടുകടത്താനുള്ള സ്ഥലമാക്കി മാറ്റിയതിനെതിരെ കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തെഴുതിയെന്നും മാൻ പറഞ്ഞു. മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
നാടുകടത്തുന്നവരെയുംകൊണ്ടുള്ള യു.എസ് വിമാനം ഇറക്കാൻ എന്തിനാണ് പഞ്ചാബിനെ തെരഞ്ഞെടുത്തതെന്ന് പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയും ചോദിച്ചു. വിവിധ ഭാഗങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടായിട്ടും അവിടെെയാന്നും വിമാനമിറക്കാതെ പഞ്ചാബിനെ അവമതിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരിൽ 80 ശതമാനവും പഞ്ചാബിൽനിന്നായിട്ടും രാജ്യത്തിന്റെ ഭക്ഷണത്തളികയായിട്ടും പഞ്ചാബിനെ അപമാനിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. കൂടുതൽ പേരുള്ള സംസ്ഥാനമെന്ന നിലക്കാണ് വീണ്ടും അമൃത്സറിനെ തെരഞ്ഞെടുത്തതെങ്കിൽ കഴിഞ്ഞ തവണ 33 പേർ വീതമുണ്ടായിരുന്ന ഗുജറാത്തിനെയും ഹരിയാനയെയുമായിരുന്നു ഇതിനായി തെരഞ്ഞെടുക്കേണ്ടിയിരുന്നത്.
എന്നാൽ, അതുണ്ടായില്ല. പഞ്ചാബില്‍നിന്ന് അന്ന് 30 പേരേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വിമാനമിറക്കിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ലെന്നും മാൻ ചോദിച്ചു. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമായി കയറ്റിയയക്കപ്പെട്ട ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മാനമാണെന്ന് മാൻ പറഞ്ഞു.
ഇന്ത്യക്കാരെ കൈവിലങ്ങിട്ട് മനുഷ്യത്വരഹിതമായി കൊണ്ടുവന്ന വിഷയം നരേന്ദ്ര മോദി ട്രംപുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് മാൻ പറഞ്ഞു. എന്നാൽ, നാടുകടത്തലിൽ രാഷ്ട്രീയം കലർത്തുന്നത് ആപ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അമേരിക്കക്ക് ഇന്ത്യയിലെ ഏറ്റവുമടുത്ത വിമാനത്താവളം അമൃത്സർ ആയതുകൊണ്ടാണ് യു.എസ് വിമാനങ്ങൾ അവിടെയിറക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി സിങ് പ്രതികരിച്ചു.