റസാഖ് ഒരുമനയൂര്‍
അബുദാബി: വിമാനയാത്രാനിരക്ക് വീണ്ടും കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍ പ്രവാസികളോട് ക്രൂരത കാട്ടുന്നു. ഡിസംബറില്‍ ഇരട്ടിയിലേറെ നിരക്ക് ഉയര്‍ത്തിയാണ് എയര്‍ലൈനുകള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
യുഎഇയില്‍നിന്നും നവംബറില്‍ ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 25,000 രൂപക്ക് ടിക്കറ്റ് ലഭിക്കും. എന്നാല്‍ ഡിസംബര്‍ മാസമാകുമ്പോള്‍ 65,000 രൂപയാണ് വിവിധ എയര്‍ലൈനുകള്‍ ഈടാക്കുന്നത്.
ഡിസംബറില്‍ ഗള്‍ഫ് നാടുകളിലെ സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന മൂന്നാഴ്ച അവധിയും ക്രിസ്തുമസ്സും പുതുവര്‍ഷവുമെല്ലാം ആഘോഷമാക്കാന്‍ നാട്ടിലേക്ക് പറക്കാന്‍ തയാറെടുക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് നിരക്ക് മൂന്നിരട്ടിയോളമായി ഉയര്‍ത്തിയിട്ടുള്ളത്.
എന്നാല്‍ ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേരെയാണ് നിരക്ക് വര്‍ധന കഷ്ടത്തിലാക്കിയിട്ടുള്ളത്. പ്രിയപ്പെട്ടവരെ കാണാന്‍ അവധിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് വിമാനനിരക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുള്ളത്.