വിമാന കമ്പനികള്‍ യാതൊരു തത്വദീക്ഷിതയുമില്ലാതെ യാത്ര നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഗവണ്മെന്റ് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന ഭാവേന നിഷ്‌ക്രിയമായി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലിമെന്റില്‍ ചോദ്യോത്തര വേളയില്‍ വ്യക്താമാക്കി.
ഒഴിവുകാലത്തും, ലീവിനും, ചികിത്സക്കും എല്ലാമായി നാട്ടിലേക്കു വരുന്ന ആളുകള്‍ ചൂഷണത്തിനു വിധേയരാവുകയാണ്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ എത്ര ആവശ്യമുന്നയിച്ചാലുംതങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നികുതിദായകരോടും, യാത്രക്കാരോടും ഗവണ്മെന്റിന് ഉള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മറക്കുന്നു. ആ ഉത്തരവാദിത്വത്തില്‍ നിന്നെല്ലാം ഒഴിഞ്ഞു യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന് വിമാന കമ്പനികള്‍ക്ക് സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
അവധിക്കാലങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനന്തമാനദണ്ഡവും ഇല്ലാതെയാണ് വര്‍ദ്ധിപ്പിക്കുന്നത്. ഈ പ്രവണതയ്ക്ക് അറുതി വരുത്തണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
വിമാന ടിക്കറ്റ് നിരക്കില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് താരിഫ് മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനം നിലവിലുണ്ടെന്നും കോവിഡിന് ശേഷം പല വിമാന കമ്പനികളും പ്രതിസന്ധിയിലാണെന്നും ന്യായമായ നിരക്കാണ് വിമാന കമ്പനികള്‍ ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാതിത്യ സിന്ധ്യ, എം. പിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുന്നതിനും, വിമാന ടിക്കറ്റിനെ കുറിച്ചുള്ള യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും, യാത്രക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള വില ഉറപ്പുവരുത്തുവാനും ഗവണ്മെന്റ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ പിന്തുടരുന്ന അതേ രീതി തന്നെയാണ് നമ്മുടെ രാജ്യത്തും സ്വീകരിച്ചു വരുന്നതെന്നും വിപണി, ഡിമാന്‍ഡ്, സീസണ്‍, ഇന്ധന വിലയിലെ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ വ്യോമയാന മേഖലയിലെ നിയന്ത്രണം എടുത്ത് കളഞ്ഞതോടെ വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിക്കുകയും ഇത് വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായെന്നും താഴ്ന്ന വരുമാനമുള്ളവര്‍ക്ക് പോലും വിമാന യാത്ര ചെയ്യുവാന്‍ ഇത് ഇടയാക്കിയെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.