X

വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.

ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.

ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

Chandrika Web: