X

വിമാന സർവീസ് റദ്ദാക്കൽ : കൈ കഴുകി കേന്ദ്ര സർക്കാർ

സ്ലോട്ട് ലഭ്യതയും വിപണി ആവശ്യകതയും സാമ്പത്തികസാധ്യതയും കണക്കിലെടുത്ത് നിലവിലുള്ള സർവ്വീസുകളുടെ പുന:ക്രമീകരണ പ്രക്രിയയിലാണ് എയർ ഇന്ത്യ എന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ ഡോ. വി.കെ. സിംഗ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2022 ലെ ഓഹരി വിൽപ്പനക്ക് ശേഷം എയർ ഇന്ത്യ ഒരു സ്വകാര്യ സ്ഥാപനമാണ്. വ്യാപാര സൗകര്യത്തിൻ്റെയും ട്രാഫിക്കിന്റെയും പരിധിയിൽ നിന്നുകൊണ്ട് സർവ്വീസുകൾ തിരഞ്ഞെടുക്കാൻ എയർ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സിവിൽ ഏവിയേഷൻ മേഖലയുടെ വളർച്ചക്കാവശ്യമായ സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ് സർക്കാർ ചെയ്യുന്നത്‌. വിമാനക്കമ്പനികളുടെ ഓപ്പറേഷൻ പ്ലാനുകളിൽ സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സർവ്വീസുകളും ഡൽഹിയിലേക്കുള്ള ആഭ്യന്തര സർവ്വീസും നിർത്താനുള്ള നിർദ്ദേശം വന്ന ഉടനെ വിമാനത്താവള ഉപദേശകസമിതി ചെയർമാൻ കൂടിയായ സമദാനി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അടിയന്തിര ഇ-മെയിൽ സന്ദേശമയച്ച് പ്രസ്തുത സർവ്വീസുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല ഘടകങ്ങൾ പരിഗണിച്ച് എയർ ഇന്ത്യ അതിന്റെ സർവ്വീസുകൾ പുന:പരിശോധിക്കുന്ന നടപടിയിലാണെന്നും കോഴിക്കോട്ടു നിന്ന് നിർത്തിവെക്കുന്ന രാജ്യാന്തര സർവ്വീസുകൾക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് തുടങ്ങുന്ന കാര്യം എയർ ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി സമദാനിക്കയച്ച കത്തിൽ അറിയിച്ചു. ഡൽഹിയിലേക്കുള്ള സർവ്വീസ് പുനരാരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

webdesk13: