ഡല്‍ഹി: എയര്‍ ഇന്ത്യ 48 പൈലറ്റുമാരെ പുറത്താക്കി. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പുറത്താക്കിയത്. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവര്‍.
രാജിക്കത്ത് പിന്‍വലിച്ച തീരുമാനം എയര്‍ ഇന്ത്യ അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ വളരെ പെട്ടെന്നാണ് ഇവരെ പുറത്താക്കാനുള്ള തീരുമാനം വന്നത്. പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത് ഇവരില്‍ പല പൈലറ്റുമാരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ഗുരുതരമായ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പുറത്താക്കല്‍ നടപടി പ്രാബല്യത്തിലായെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങളും മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. അതേസമയം പുറത്താക്കല്‍ നടപടി നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.