മലപ്പുറം: മഴക്കാല യാത്രകള്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി.
എയര്‍ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് ദീര്‍ഘദൂര ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാണ് എയര്‍ഹോണ്‍ ഘടിപ്പിച്ചിരുന്നത്.
ബസില്‍ എയര്‍ഹോണ്‍ ഇല്ലെന്നായിരുന്നു ഡ്രൈവര്‍മാരുടെ അവകാശവാദം. ജോയിന്റ് ആര്‍.ടി.ഒ എം. അന്‍വറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ബസിന്റെ അടിഭാഗത്ത് അലുമിനിയം ബ്ലോപൈപ്പ് രൂപത്തില്‍ ഘടിപ്പിച്ച കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയര്‍ഹോണ്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ദീര്‍ഘദൂര ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ റോഡ് സുരക്ഷാ സംവിധാനം ഉറപ്പുവരുത്തുന്നതിനു കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കര്‍ശന പരിശോധന. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള ബസുകളും മറ്റ് വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി.
വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ബസിന്റെ വിന്‍ഡോ ഷട്ടര്‍, ഡോര്‍, ഇന്‍ഡിക്കേറ്റര്‍ മുതല്‍ ബസിലെ സൗകര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കി. പരിശോധനയില്‍ അപാകം കണ്ടെത്തിയ വാഹനങ്ങള്‍ അടുത്ത ദിവസം തകരാറുകള്‍ പരിഹരിച്ച് പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കി.
ജോയിന്റ് ആര്‍.ടി.ഒ എം. അന്‍വര്‍, എം.വി.ഐ കെ.ബി ബിജീഷ്, എ.എം.വി.ഐമാരായ കെ. ദിവിന്‍, കെ.ആര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടോട്ടി, അരീക്കോട്, പള്ളിക്കല്‍, എടവണ്ണപാറ എന്നീ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
ബസ് ഉടമകളും ഡ്രൈവര്‍മാരും നിയമങ്ങള്‍ പാലിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ജോയിന്റ് ആര്‍.ടി.ഒ എം. അന്‍വര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ മറ്റ് വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.