ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാന നിരക്കുകള്‍ ഒട്ടോ ചാര്‍ജിനെക്കാളും കുറഞ്ഞുവെന്ന് വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ. ഇന്‍ഡോര്‍ ഐ.എം.എ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് ഓട്ടോ ചാര്‍ജിനേക്കാള്‍ കുറവാണ് വിമാനക്കൂലി. ചിലര്‍ താന്‍ പറയുന്നത് വിഢ്ഡിത്തമാണെന്ന് അഭിപ്രായപ്പെടും. എന്നാല്‍ ഇത് സത്യമാണ്- ജയന്ത് സിന്‍ഹ പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവാന്‍ വിമാനത്തില്‍ കിലോ മീറ്ററിന് അഞ്ച് രൂപ മാത്രമേ ചെലവ് വരു. എന്നാല്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഏകദേശം എട്ട് രുപ വരെ ചെലവ് വരും. ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാവുന്ന ലോകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണം 11 കോടിയില്‍ നിന്ന് 20 കോടിയായി വര്‍ധിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ യാത്രക്കാരുടെ എണ്ണം 100 കോടി ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.