ദുബായ്: മദ്ധ്യവേനല്‍ അവധിക്ക് യു.എ.ഇയിലെ സ്കൂളുകള്‍ അടയ്ക്കുന്നത് മുന്നില്‍ കണ്ട് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടി വർദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. പെരുന്നാളിലെ കൊള്ളയ്ക്ക് പിന്നാലെയാണ് വീണ്ടും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. പ്രവാസി കുടുംബങ്ങള്‍ ഏറെയുള്ള യു.എ.ഇയില്‍ ഈ മാസം 28ന് സ്കൂളുകള്‍ അടയ്ക്കും. ആഗസ്റ്റ് 26ന് തുറക്കും.
യു.എ.ഇയില്‍ കൊടുംചൂടായതിനാല്‍ കൂടുതല്‍ പേർ നാട്ടിലേക്ക് വരുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസില്‍ നാലംഗ കുടുംബത്തിന് ദുബായില്‍ നിന്ന് കേരളത്തില്‍ എത്താൻ രണ്ട് ലക്ഷത്തോളം രൂപ വേണം. 45,000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. അതേസമയം, കേരളത്തില്‍ നിന്ന് ദുബായിലേക്ക് 11,000 രൂപയ്ക്കും ടിക്കറ്റുണ്ട്. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് യു.എ.ഇയിലാണ്.
ദുബായ്, ഷാർജ്ജ, അബുദാബി എമിറേറ്റ്സുകളിലാണ് കൂടുതല്‍ മലയാളി കുടുംബങ്ങളുള്ളത്. യു.എ.ഇയിലേക്ക് ഒരുമാസം ഇന്ത്യയില്‍ നിന്ന് 2.60 ലക്ഷം പേർക്ക് യാത്ര ചെയ്യാനുള്ള ധാരണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഈ സമയത്ത് സീസണില്‍ നാല് ലക്ഷത്തോളം യാത്രക്കാരുണ്ടാവും. സീസണില്‍ അധിക സർവീസുകള്‍ തുടങ്ങണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം കാലങ്ങളായി പരിഗണിക്കപ്പെടുന്നില്ല.
ഈ മാസം 28 മുതലുള്ള നിരക്ക് (എയർ ഇന്ത്യ എക്സ്പ്രസ്)
ദുബായ് – കോഴിക്കോട് 42,000 – 45,000
കോഴിക്കോട് -ദുബായ് 11,000 – 13,000
അബുദാബി – കോഴിക്കോട്
35,000 – 37,000
കൊച്ചി – അബുദാബി 8,500 – 9,700
ഷാർജ – കോഴിക്കോട് 42,500 – 45,000
കോഴിക്കോട്- ഷാർജ 11,500 – 13,500
അല്‍ഐൻ -കോഴിക്കോട് 32,500 – 34,700
കോഴിക്കോട് – അല്‍ഐൻ
12,000 – 14,000