ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയായി കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറലിന്റെ (ഡിജിസിഎ) പുതിയ ചാര്‍ട്ടര്‍. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഡിജിസിഎ ഉത്തരവിറക്കി.
വിമാനയാത്രയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
വിമാനം റദ്ദാക്കിയതു കൊണ്ടോ വൈകിയതു കൊണ്ടോ യാത്രക്കാര്‍ക്ക് കണക്ഷന്‍ വിമാനം നഷ്ടമായാല്‍ 20000 രൂപ വരെ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഡിജിസിഎ നിര്‍ദേശം. കൂടാതെ ബോര്‍ഡിങിന് കമ്പനികള്‍ അനുമതി നല്‍കാത്ത പക്ഷം യാത്രക്കാര്‍ക്ക് 5000 രൂപ പിഴ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ബുക്കിങ് പൂര്‍ത്തിയായിയെന്നു പറഞ്ഞ് ചില യാത്രക്കാരെ ബോര്‍ഡിങ് ചെയ്യാന്‍ അനുവാദിക്കാത്ത സംഭവങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇത്.
ഇതാദ്യമായാണ് ഡിജിസിഎ വൃത്തങ്ങള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനികളോട് ആവശ്യപ്പെടുന്നത്. റണ്‍വേയില്‍ വിമാനം രണ്ടു മണിക്കൂറിലധികം വൈകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള അനുമതിയും നല്‍കണമെന്ന് ഡിജിസിഎ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ശൈത്യകാലത്ത് റണ്‍വേയിലെ പ്രശ്‌നം കാരണം വിമാനങ്ങള്‍ വൈകുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ നടപടി.
അതേസമയം, ഡിജിസിഎയുടെ പുതിയ ചാര്‍ട്ടറിനെതിരെ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, സ്‌പൈസ്‌ജെറ്റ്, ഗോഎയര്‍ കമ്പനികള്‍ രംഗത്തുവന്നു.