വെല്ലിങ്ടണ്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലിലിറക്കി. മൈക്രോനേഷ്യയിലെ ദ്വീപിലാണ് വിമാനം അടിയന്തരമായി കായലിലിറക്കിയത്.
ദ്വീപിലെ വെനോ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ചുക് കായലില്‍ ഇറങ്ങിയത്. പപ്പുവ ന്യൂഗിനിയയുടെ ആഭ്യന്തര വിമാനമായ എയര്‍ നിയുഗിനിയാണ് (ബോയിങ് 737 എയര്‍ക്രാഫ്റ്റ്) കായലില്‍ ഇറങ്ങിയത്. 36 യാത്രക്കാരും 11 ജീവനക്കാരുമടക്കം 47 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
എല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും വിമാനത്താവള വക്താവ് ജിമ്മി എമിലിയോ പറഞ്ഞു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ജിമ്മി എമിലിയോ പറഞ്ഞു. വിമാനം കായലില്‍ ഇറങ്ങിയ ഉടന്‍ പ്രദേശവാസികള്‍ ബോട്ടിലെത്തി യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായതായാണ് വിവരം. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.