സ്വന്തം ലേഖകന്‍
നെടുമ്പാശേരി : പ്രവാസി മലയാളികള്‍ക്ക് കനത്ത ഇരുട്ടടി നല്‍കി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാന നിരക്കില്‍ വന്‍ വര്‍ധനവ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിദ്യാലയങ്ങളിലെ അവധി കണക്കിലെടുത്ത് നാട്ടിലെത്തിയ പ്രവാസികളാണ് ഇതോടെ വെട്ടിലായത്. അടുത്ത മാസം ആദ്യത്തോടെ അവധി അവസാനിക്കുന്നതിനാല്‍ മടങ്ങി പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് വിമാന കമ്പനികളുടെ ഇരുട്ടടി. മുമ്പും പലതവണ ഇത്തരത്തില്‍ വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പുണ്ടായിരുന്ന നിരക്കിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിനിടെ ഓണം ആഘോഷിക്കാന്‍ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്നത് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനവിനും സാധ്യതയുണ്ട്. ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ യു.എ.ഇ, ദോഹ, കുവൈറ്റ്, ബഹ്‌റൈന്‍, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണ്ണൂര്‍, കോഴിക്കോട്, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്തവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. യു.എ.ഇയിലേക്ക് ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ വര്‍ധിപ്പിച്ച 21000 മുതല്‍ 26000 രൂപ വരെയുള്ള ശരാശരി ടിക്കറ്റ് നിരക്ക് സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ 34250 രൂപയായാണ് വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ, ദുബൈ റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്‌സ് എന്നീ വിമാന കമ്പനികള്‍ ഈ കാലയളവില്‍ പല ദിവസങ്ങളിലും 35,000 രൂപക്ക് മുകളിലാണ് യാത്രാ നിരക്ക് ഈടാക്കുന്നത്. ഇതിനിടെ ബജറ്റ് എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയവയും ഇതേ നിരക്കിലാണ് വിമാന കൂലി ഈടാക്കുന്നത്. കണ്ണൂരില്‍ നിന്നും ദുബൈയിലേക്ക് സര്‍വിസ് നടത്തുന്ന ഏക വിമാന കമ്പനിയായ ഗോ എയര്‍ അവസരം മുതലാക്കി 41000 രൂപയാണ് സെപ്റ്റംബര്‍ രണ്ടാം വാരത്തിലെ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
- 5 years ago
chandrika