പ്രധാന എയര്‍ലൈനുകളായ വിസ്താര, എയര്‍ ഇന്ത്യ എന്നിവയുടെ ഏകീകരണം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര ക്യാരിയറുമായി എയര്‍ ഇന്ത്യ മാറുമെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഏകീകരണത്തിന്റെ ഭാഗമായി എസ്‌ഐഎ എയര്‍ ഇന്ത്യയില്‍ 2059 കോടി രൂപ നിക്ഷേപിക്കുമെന്നും 25.1 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും. ‘ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന എയര്‍ ഇന്ത്യയെ സൃഷ്ടിക്കാനുള്ള അവസരത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്’ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.