ന്യൂഡല്‍ഹി: ആകാശത്തു നേര്‍ക്കുനേരെയെത്തിയ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയര്‍ഇന്ത്യയുടെയും വിസ്റ്റാരയുടെയും വിമാനങ്ങളാണ് മുംബൈ വ്യോമപാതയില്‍ നേര്‍ക്കുനേര്‍ വന്നത്. ഈ മാസം ഏഴിനാണ് സംഭവം. എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേസമയം ഇത്രയടുത്തു വരുന്നത് ഇന്ത്യന്‍ വ്യോമപാതയില്‍ അടുത്തെങ്ങുമുണ്ടായിട്ടില്ലെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് വിസ്റ്റാരയുടെ രണ്ടു പൈലറ്റുമാരോടും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദീകരണം തേടി.
എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശമനുസരിച്ചാണ് 27000 അടി ഉയരത്തില്‍ വിമാനം പറത്തിയതെന്ന് വിസ്റ്റാര വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിക്കു ശേഷമാണ് സംഭവം. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ-310 വിമാനം മുംബൈയില്‍ നിന്ന് എഐ 631 എന്ന പേരില്‍ ഭോപ്പാലിലേക്ക് പറന്നപ്പോഴാണ് സംഭവം. മറുഭാഗത്ത് വിസ്റ്റാരയുടെ എ-320 നിയോ, യുകെ 997 എന്ന പേരില്‍ ഡല്‍ഹിയില്‍ നിന്ന് പൂനൈക്കു പറക്കുകയായിരുന്നു. 29,000 അടി ഉയരത്തില്‍ പറക്കാനായിരുന്നു വിസ്റ്റാരക്കു നല്‍കിയ നിര്‍ദേശം. എന്നാല്‍ പിന്നീട് വിസ്റ്റാര വിമാനം 27100 അടിയിലേക്ക് താഴുകയായിരുന്നു. കേവലം 100 അടിയുടെ വ്യത്യാസം മാത്രമാണ് 2.8 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവിമാനങ്ങളും തമ്മില്‍ ഉണ്ടായിരുന്നത്. ട്രാഫ്കി കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിലെ അലാം മുഴങ്ങാന്‍ തുടങ്ങി. ഇരുവിമാനങ്ങളുിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തി. ഇതേത്തുടര്‍ന്ന് പൈലറ്റുമാര്‍ ഇടപെട്ടു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 2.8 കിലോമീറ്റര്‍ എന്നത് സെക്കന്റുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമാണ്. അതു കൊണ്ടു തന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നും വ്യോമയാന വിദഗ്ധര്‍ പറയുന്നു.
മഹാരാഷ്ട്ര വ്യോമപാതയില്‍ രണ്ടാഴ്ചക്കിടെ ഇതു രണ്ടാമത്തെ വിമാന ദുരന്തമാണ് ഒഴിവാകുന്നത്. നേരത്തെ ജനുവരി 28ന് ഇന്റിഗോയുടെയും എമിറേറ്റിന്റെയും വിമാനങ്ങള്‍ നാഗ്പൂരിനു മുകളില്‍ വളരെ അടുത്തു വന്നിരുന്നു.