X
    Categories: indiaNews

എയര്‍ ഇന്ത്യ കൈമാറ്റം വൈകും

ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ എയര്‍ ഇന്ത്യയുടെ കൈമാറ്റം നിളും. ഡിസംബറില്‍ കൈമാറേണ്ടിയിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഇനി 2022 ആദ്യത്തിലാകും സ്വന്തമാക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് എയര്‍ ഇന്ത്യ വിമാനക്കമ്പനിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും ടാറ്റാ സണ്‍സും കരാറില്‍ ഒപ്പിടുന്നത്. കേന്ദ്രത്തിന്റെ പക്കലുള്ള 100 ശതമാനം ഓഹരികളും വാങ്ങാനുള്ള കരാറില്‍ ടാറ്റ ഒപ്പിട്ടതോടെയാണ് വിമാനക്കമ്പനിയുടെ വില്‍പ്പന സംബന്ധമായ നടപടികള്‍ക്ക് തുടക്കമിടുന്നത്. 18,000 കോടി രൂപയുടെ കരാറിലാണ് ടാറ്റ ഒപ്പിട്ടത്.

എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ബാക്കി 2700 കോടി രൂപ കേന്ദ്രത്തിന് പണമായി കൈമാറുമെന്നാണ് കരാര്‍. എയര്‍ ഇന്ത്യ, കൊച്ചി ആസ്ഥാനമായുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും കാര്‍ഗോ വിഭാഗമായ എയര്‍പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡില്‍ (എയര്‍ ഇന്ത്യ സാറ്റ്‌സ്) എയര്‍ ഇന്ത്യക്കുള്ള 50 ശതമാനം ഓഹരിയുമാണ് ടാറ്റക്ക് ലഭിക്കുക. ടാറ്റയുടെ വ്യവസ്ഥകള്‍ അനുസരിച്ച്, കൈമാറ്റത്തിന്റെ എല്ലാ ഔപചാരികതകളും എട്ട് ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍, ഈ തീയതി വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും പരസ്പരം നീട്ടാം.

Test User: