ദുബൈ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. ഏകീകരിച്ച നിരക്കനുസരിച്ച് 12 വയസിന് താഴെ 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടക്കണം. ഈ അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. രാജ്യത്ത് എല്ലായിടത്തേക്കും ഒരേ നിരക്കാണ് എയര്‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം നേരത്തെ എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു. പ്രവാസികളുടെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ നേരത്തെ സൗജന്യമായി നാട്ടിലെത്തിക്കുമായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും മൃതദേഹം സൗജന്യമായി എത്തിക്കാനാവില്ലെന്ന് നിരക്ക് മാറ്റത്തോടൊപ്പം എയര്‍ ഇന്ത്യ അറിയിക്കുകയായിരുന്നു. ഫ്രീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.
- 6 years ago
chandrika