X

വിലക്ക് നീങ്ങി; എയര്‍ ഇന്ത്യ സര്‍വീസുകള്‍ ദുബൈയില്‍ നിന്നു തന്നെ

 

ദുബൈ: കോവിഡ് രോഗികളെ കൊണ്ടു വന്നതിന്റെ പേരില്‍ ദുബൈ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്പ്രസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ശനിയാഴ്ച മുതല്‍ പതിവു പോലെ സര്‍വീസ് ഉണ്ടാകുമെന്ന് കമ്പനി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ, സെപംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് കമ്പനിക്ക് ദുബൈയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതോടെ യാത്രാ ഷെഡ്യൂളുകള്‍ ഷാര്‍ജയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച ഷാര്‍ജയില്‍ നിന്ന് അഞ്ചു സര്‍വീസുകളാണ് ഇന്ത്യയിലേക്ക് ഉണ്ടായിരുന്നത്.

കോവിഡ് രോഗികളെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എയര്‍ലൈന്‍സിനെതിരെ സിവില്‍ വ്യോമയാന അതോറിറ്റി നടപടി എടുത്തിരുന്നത്. കോവിഡ് പോസിറ്റീവായ യാത്രക്കാരുമായി രണ്ട് തവണയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എമിറേറ്റിലെത്തിയത്.

വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തിരുന്നു.

ആഗസ്റ്റ് 28, സെപ്തംബര്‍ നാല് ദിവസങ്ങളിലായിരുന്നു കോവിഡ് ബാധിതര്‍ ദുബൈയില്‍ എത്തിയത്. ഡല്‍ഹി, ജയ്പൂര്‍ എന്നിടങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ഇവര്‍. യുഎഇയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നാണ് ചട്ടം. കോവിഡ് ടെസ്റ്റ് നടത്തി 96 മണിക്കൂറിനുള്ളിലാണ് യാത്രയ്ക്കുള്ള അനുമതിയുള്ളത്.

 

web desk 1: