X

എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളില്‍ മാംസാഹാരം നിരോധിച്ചു; വിലക്കല്ലെന്ന് അധികൃതര്‍

എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വ്വീസിലെ ഇക്കോണമി ക്ലാസുകളില്‍ ഇനി മുതല്‍ മാംസാഹാരം വിളമ്പില്ല. അധിക ചിലവും ഭക്ഷണം പാകം ചെയ്യുന്നതും കുറയ്ക്കുന്നതിനാണ് മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ജൂണില്‍ തന്നെ ആഭ്യന്തര സര്‍വ്വീസുകളില്‍ മത്സ്യ-മാംസാഹാരങ്ങള്‍ നല്‍കുന്നത് എയര്‍ ഇന്ത്യ ഒഴിവാക്കിയിരുന്നു. എന്നാല്‍ ബിസിനസ്സ്, ഒന്നാം ക്ലാസ് യാത്രക്കാര്‍ക്ക് മാംസാഹരം വിതരണം ചെയ്യും. ആഭ്യന്തര വിമാനങ്ങളുടെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രമേ ലഭിക്കൂവെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും എം.ഡിയുമായ അശ്വനി ലോഹാനി പറഞ്ഞു.

യാത്രക്കാര്‍ക്ക് സസ്യാഹാരവും മാംസാഹാരവും നല്‍കുമ്പോള്‍ പരസ്പരം മാറിപ്പോകുന്ന അവസ്ഥ ഇല്ലാതാക്കാനാണ് പുതിയ തീരുമാനം. കൂടാതെ അധിക ചിലവ് ചുരുക്കുന്നതിനും വേണ്ടിയാണ്. യാത്രക്കാരില്‍ 70 ശതമാനത്തോളം ആളുകളും സസ്യഹാരമാണ് ആവശ്യപ്പെടുന്നതെന്നും വലിയ അളവില്‍ മാംസാഹാരം പാഴാകുന്നത് തടയാനാണ് ഇതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ മംസാഹാരത്തിനുള്ള വിലക്കല്ലെന്നുമുള്ള നിലപാടാണ് അധികൃതര്‍ മുന്നോട്ട് വെക്കുന്നത്.

എയര്‍ ഇന്ത്യയുടെ 90 മിനിറ്റിന് താഴെ ദൈര്‍ഘ്യമുള്ള യാത്രകളില്‍ നിന്ന് മാംസഭക്ഷണം നല്‍കുന്നത് കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു. ചായയും കാപ്പിയും മെനുവില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ 90 മിനിറ്റ് മുകളില്‍ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് മാംസാഹാരം തെരഞ്ഞെടുക്കുന്നതിന് എയര്‍ ഇന്ത്യ അവസരം നല്‍കിയിരുന്നു. ഇതാണിപ്പോള്‍ നിര്‍ത്തലാക്കിയത്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് ഇത് ബാധകമല്ല. മാംസാഹാരം നിര്‍ത്തലാക്കുന്നതോടെ പ്രതിവര്‍ഷം എട്ടുകോടി രൂപ ലാഭിക്കാനാവുമെന്നാണ് കരുതുന്നത്.

chandrika: