X

റിയാദില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ് പ്രസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു;യാത്രക്കാര്‍ സുരക്ഷിതര്‍

അഷ്റഫ് വേങ്ങാട്ട്

റിയാദ് : കോഴിക്കോട് നിന്ന് റിയാദിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് റിയാദ് വിമാനത്താവളത്തില്‍ വന്‍ ദുരന്തമൊഴിവായ അപകടം നടന്നത്. തിങ്കളാഴ്ച്ച രാത്രി 8.20ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി 10.55ന് റിയാദിലെത്തിയ ഐ എക്‌സ് 1321 വിമാനത്തിലെ യാത്രക്കാരാണ് പൈലറ്റിന്റെ മനസ്സാന്നിധ്യം മൂലം രക്ഷപെട്ടത്. വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കൃത്യസമയത്ത് തന്നെ ലാന്‍ഡിങ് പൂര്‍ത്തിയാക്കി റണ്‍വേയിലൂടെ കുതിച്ച വിമാനത്തിന്റെ പുറമെ നിന്ന് രണ്ട് തവണ വലിയ ശബ്ദം കേട്ടതായി വിമാനത്തിലെ യാത്രക്കാര്‍ പറഞ്ഞു.

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിപ്പോകാതെ കരുതലോടെ ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് പൈലറ്റ് വിവരം യാത്രക്കാരെ അറിയിക്കുന്നത്. വിമാനത്തിന്റെ ഇടതു ഭാഗത്തുള്ള ടയറാണ് പൊട്ടി തെറിച്ചതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിമാനം റണ്‍വേയില്‍ സുരക്ഷിതമാണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചതോടെയാണ് സംഭവിച്ചത് എന്തെന്നറിയാതെ പൊട്ടിത്തെറിയുടെ ഭീതിയില്‍ കഴിഞ്ഞിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായത്. റിയാദ് വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ റണ്‍വേയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ലാന്‍ഡിംഗ് നടത്തിയത്. റണ്‍വേയില്‍ നിന്ന് തെന്നാതെ വിമാനം സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചത് പൈലറ്റിന്റെ ജാഗ്രത മൂലമാണ് വലിയൊരു അപകടം ഒഴിവായത് . വിമാനം വൈകിയും റണ്‍വേയില്‍ തന്നെയാണുള്ളതെന്ന് യാത്രക്കാര്‍ അറിയിച്ചിരുന്നു . പിന്നീട് യാത്രക്കാരെ ഇറക്കിയ ശേഷം പ്രത്യേക സംവിധാനങ്ങളുപയോഗിച്ച് വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി.

ഇതേ വിമാനത്തില്‍ കോഴിക്കോട്ടേക്ക് യാത്ര തിരിക്കേണ്ട യാത്രക്കാര്‍ റിയാദ് വിമാനത്താവളത്തിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിമാനത്തിന്റെ ടയര്‍ മാറ്റി അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഈ വിമാനത്തിന് യാത്ര തുടരാന്‍ സാധ്യമാവുകയുള്ളൂ . യാത്ര എപ്പോള്‍ തുടരാന്‍ കഴിയുമെന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ അധികൃതരില്‍ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Chandrika Web: