അബുദാബി: പതിറ്റാണ്ടുകളായി എയര്‍ഇന്ത്യയും പിന്നീട് എയര്‍ഇന്ത്യ എക്‌സ്പ്രസ്സും യാത്രക്കാരോട് കാണിക്കുന്ന ചിറ്റമ്മനയം ഇന്നും മാറ്റമില്ലാതെ തുടരുന്നു. എയര്‍ഇന്ത്യ സ്വകാര്യ കമ്പനിക്ക് കൈമാറിയപ്പോള്‍ മാറ്റം പ്രതീക്ഷിച്ചിരുന്നുവെങ്കിലും യാത്രക്കാരോടുള്ള സമീപനത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ല. ഇതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതം പേറേണ്ടിവരുന്നത്.
ഏറ്റവും ഒടുവിലായി 20ന് വെള്ളിയാഴ്ച കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ യാത്രക്കാരോട് ക്രൂരത കാട്ടിയിരിക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് ടിക്കറ്റെടുത്ത നിരവധി യാത്രക്കാരാണ് ഇതുമൂലം കടുത്ത പ്രയാസത്തിലായിമാറിയിരിക്കുന്നത്. പിറ്റേന്ന് രാവിലെ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നിരവധിപേര്‍ ഇതുമൂലം കടുത്ത മാനസിക സംഘര്‍ഷത്തിലായിമാറിയിരിക്കുകയാണ്. കൂടാതെ വിസയുടെ കാലാവധി കഴിയുന്നവരും ചുരുങ്ങിയ ദിവസത്തേക്ക് മാത്രം വരുന്ന കുടുംബങ്ങളും തങ്ങളുടെ യാത്ര മുടങ്ങിയതുമൂലം മാനസികമായും സാമ്പത്തികമായും ദുരിതത്തിലായിമാറി.
വെള്ളിയാഴ്ച പുറപ്പെടുന്ന വിമാനം റദ്ദ് ചെയ്തവിവരം ബുധനാഴ്ച വൈകീട്ടും മറ്റുചിലര്‍ വ്യാഴാഴ്ചയുമാണ് അറിയുന്നത്. മറ്റു വിമാനങ്ങളുടെ നിരക്ക് ഇതിനകം വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എടുത്തുവെച്ചവര്‍ പിന്നീട് ഉയര്‍ന്ന നിരക്കില്‍ മറ്റു എയര്‍ലൈനുകളുടെ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റിക്കൊടുക്കുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ ചെയ്യാമെന്നാണ് യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ ശനിയാഴ്ച ജോലിയില്‍ പ്രവേശിക്കുന്നതിനും മറ്റു അത്യാവശ്യ കാര്യങ്ങള്‍ ഉള്ളവര്‍ക്കും ഇതുരണ്ടും പ്രായോഗികമല്ല. അതുകൊണ്ടുതന്നെ പലരും മറ്റു എയര്‍ലൈനുകളില്‍ കൂടുതല്‍ തുക നല്‍കി ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരായി മാറുകയാണ്.
കാലങ്ങളായി തുടരുന്ന എയര്‍ഇന്ത്യയുടെയും എയര്‍ഇന്ത്യ എക്സ്സ്പ്രസ്സിന്റെയും ക്രൂരതയ്ക്ക് ഇനിയും അന്ത്യമായില്ല എന്നത് പ്രവാസികളെ കൂടുതല്‍ പ്രയാസത്തിലാക്കിമാറ്റുകയാണ്. എട്ടും പത്തും മണിക്കൂര്‍ വൈകിയോടുന്ന എയര്‍ലൈന്‍ എന്ന ദുഷ്‌പേരിനൊപ്പം റദ്ദാക്കപ്പെടുന്ന എയര്‍ലൈന്‍ എന്ന പേരുകൂടി എയര്‍ഇന്ത്യ മാറ്റാന്‍ ഒരുക്കമല്ല. പല എയര്‍ലൈനുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ എയര്‍ഇന്ത്യയില്‍നിന്നും നല്ലവാക്കുപോലും ലഭിക്കുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.