കൊച്ചി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലഗേജിന്റെ പേരില്‍ യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. കമ്പനി മാറുന്നതിന്റെ ഭാഗമായി അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് നവീകരിച്ചിരുന്നു. അതിന് ശേഷം നിലവില്‍ അധികമായി പണം നല്‍കി കൂട്ടിച്ചേര്‍ക്കുന്ന ലഗേജിന് വെബ്‌സൈറ്റ് വഴി പണം നല്‍കി ബുക്ക് ചെയ്താലും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ വീണ്ടും പണം നല്‍കേണ്ടി വരുന്നതായാണ് പരാതി.
പ്രവാസികളാണ് കൂടുതലും എയര്‍ ഇന്ത്യയുടെ ഈ നിയമവിരുദ്ധ നടപടിക്ക് വിധേയരാവുന്നത്. കിലോയ്ക്ക് 60 ദിര്‍ഹം എന്ന നിരക്കില്‍ 10 കിലോക്ക് 600 ദിര്‍ഹം വരെയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയ വഴി ആശങ്കകള്‍ പങ്ക് വച്ചെങ്കിലും പ്രശ്‌ന പരിഹാരത്തിന് കമ്പനി തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ദോഹ-മംഗളൂരു വിമാനത്തിലെ ഒരു യാത്രക്കാരന് അധിക ലഗേജിന് നല്‍കേണ്ട 600 ദിര്‍ഹം നല്‍കാന്‍ കഴിയാത്തതിനാല്‍ യാത്ര തടസപ്പെടുകയും മുഴുവന്‍ ടിക്കറ്റ് തുക നഷ്ടപ്പെടുകയും ചെയ്ത ദുരനുഭവമുണ്ടായതായി കൊച്ചിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന കമാല്‍ കോപ്പ പറയുന്നു. ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്‍ സുഹൃത്തുകള്‍ മുഖാന്തിരം പണം നല്‍കിയാണ് യാത്ര തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.