മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് 10 കിലോ തൂക്കം കുറച്ചു. ഇതോടെ ഇതുവരെ 30 കിലോ കൊണ്ടുപോകാമായിരുന്ന ലഗേജ് ഇനി 20 കിലോയെ കൊണ്ടുപോകാൻ സാധിക്കൂ. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് പിന്നാലെയാണ് ബാഗേജിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് കുറഞ്ഞ ഭാരത്തിലുള്ള ലഗേജ് കൊണ്ടുപോകേണ്ടിവരിക. ഇതോടെ യാത്രക്കാർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് ഇനി കൊണ്ടുപോകാനാവുക. ആഗസ്റ്റ് 19ന് ശേഷമുള്ള ഏത് ദിവസവും 19 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പഴയത് പോലെ 30 കിലോ ലഗേജ് തന്നെ കൊണ്ടുപോകാമെന്ന് എയർ ഇന്ത്യയുടെ സർക്കുലറിൽ പറയുന്നു.
സൗജന്യ ബാഗേജ് കൂടാതെ അധിക ഭാരമായി ഒരാൾക്ക് പരമാവധി അനുവദിക്കുന്നത് 15 കിലോവരെ മാത്രമാണ്. അധിക കിലോക്ക് 50 ദിർഹം വരെ ഈടാക്കുന്നുമുണ്ട്. ഇതോടെ ഒരാൾക്ക് പരമാവധി കൊണ്ടുവരാവുന്ന ലഗേജ് 35 കിലോ ആയി ചുരുങ്ങി.
അതേസമയം, നിലവിൽ യുഎഇയിലാണ് ഈ നിയന്ത്രണം ഉള്ളത്. മറ്റ് ജി.സി.സി രാജ്യങ്ങളിൽ സൗജന്യ ബാഗേജിൻറെ ഭാര നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.