ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള 2 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ദമാം, അബുദാബി സര്‍വീസുകളാണ് സര്‍വീസ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കിയതിനെതിരെ കഴിഞ്ഞദിവസം വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി പറയുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിംഗ് മാറ്റുകയോ ചെയ്യാമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
കരിപ്പൂരില്‍ നിന്ന് രാവിലെ 8.25 നുള്ള കരിപ്പൂര്‍-ദുബൈ സര്‍വീസാണ് റദ്ദാക്കിയത്. 50 സര്‍വീസുകള്‍ വരെ ഇന്ന് മുടങ്ങിയേക്കാമെന്നാണു സൂചന. നാളത്തെ ചില സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ടെന്നു യാത്രക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. മിന്നല്‍ പണിമുടക്കിന്റെ പേരില്‍ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. സമരം നടന്ന 3 ദിവസത്തില്‍ ഏകദേശം 245 സര്‍വീസുകളാണ് മുടങ്ങിയത്. വിവിധ ആവശ്യങ്ങളുടെ പേരില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ പ്രതിസന്ധി ഉടലെടുത്തത്.