ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾക്ക് മടങ്ങാൻ വേണ്ടി ചാർട്ടേഡ് വിമാനം ലഭ്യമാക്കുന്നതിനായി മറ്റൊരു സർവീസ് എയർ ഇന്ത്യ റദ്ദാക്കിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന്റെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പിൽ നിന്നും വിശദീകരണം തേടി. ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യൻ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ ഉപയോഗിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളേയും കുടുംബാംഗങ്ങളേയും സപ്പോർട്ടിങ് സ്റ്റാഫിനേയും നാട്ടിലെത്തിക്കുന്നതിനാണ് ബി.സി.സി.ഐ പ്രത്യേക വിമാനം ഏർപ്പാടാക്കിയത്. ബാർബഡോസിലെ ഗ്രാന്റ്ലി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബുധനാഴ്ച യാത്രതിരിച്ച വിമാനം വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു.
ബി.സി.സി.ഐക്ക് വിമാനം കൊടുക്കാനായി എയർ ഇന്ത്യ അവരുടെ നേവാർക്ക്-ഡൽഹി എ106 വിമാനം റദ്ദാക്കിയെന്നാണ് ആരോപണം. ജൂലൈ രണ്ടിലെ വിമാനമാണ് റദ്ദാക്കിയത്. ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടി റഗുലർ സർവീസുകൾ റദ്ദാക്കരുതെന്ന് ഡി.ജി.സി.എ ചട്ടത്തിൽ പറയുന്നുണ്ട്. ഇത് കമ്പനി ലംഘിച്ചോയെന്ന പരിശോധനക്കാണ് ഡി.ജി.സി.എ ഒരുങ്ങുന്നത്.
വിമാനം റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയ ആളുകൾക്കായി എന്ത് ചെയ്തുവെന്ന് വിശദീകരിക്കാനും എയർ ഇന്ത്യയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വിവാദം സംബന്ധിച്ച് പ്രതികരിക്കാൻ എയർ ഇന്ത്യ തയാറായിട്ടില്ല.
വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചുവെന്നും ഇവർക്ക് മറ്റുവിമാനങ്ങളിൽ സീറ്റ് നൽകിയെന്നും അല്ലാത്തവർക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കിയെന്നുമാണ് എയർ ഇന്ത്യ അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ, തങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കിയില്ലെന്ന പരാതിയുമായി ചില യാത്രക്കാർ രംഗത്തെത്തി.