ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടുകളില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60ഓളം വിമാനങ്ങള്‍. തിരക്കേറിയ സീസണായ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതുല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തിരക്കേറിയ സമയങ്ങളില്‍ സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരിലുള്‍പ്പെടെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഭാരിച്ച അറ്റകുറ്റപ്പണികളും വിതരണ ശൃംഖലയുടെ പരിമിതികളും ചില വിമാനങ്ങൾ തിരിച്ച് വരാൻ വൈകിയതിനെ തുടർന്ന് ഓപ്പറേഷൻ ഫ്ളീറ്റിൽ താൽക്കാലിക കുറവുണ്ടായതിനാലുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബർ അവസാനം വരെ ചെറിയ എണ്ണം വിമാനങ്ങൾ റദ്ദാക്കിയതിൽ എയർ ഇന്ത്യ ഖേദിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അതേ ദിവസങ്ങളിൽ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് എയർ ഇന്ത്യ ഗ്രൂപ്പ് സർവീസുകളിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശ്നങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ആത്മാർഥമായി ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.
വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ‘നവംബര്‍ 15 നും ഡിസംബര്‍ 31 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, ഷിക്കാഗോ, നെവാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന വിമാനങ്ങള്‍ ലഭ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടിലെ 28 വിമാനങ്ങളും ഡല്‍ഹി-എസ്എഫ്ഒ റൂട്ടില്‍ 12 വിമാനങ്ങളും മുംബൈ-ന്യൂയോര്‍ക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡല്‍ഹി-നെവാര്‍ക്ക് റൂട്ടില്‍ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.