X

മോദിയുടെ ചിത്രമടങ്ങിയ ബോര്‍ഡിങ് പാസ് പിന്‍വലിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസുകള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമടങ്ങിയ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പരസ്യം ആലേഖനം ചെയ്ത ബോര്‍ഡിങ് പാസുകള്‍ വിവാദമായതോടെയാണ് നടപടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രമടങ്ങിയ ബോര്‍ഡിങ് പാസ് വിതരണം ചെയ്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

പഞ്ചാബ് പൊലീസിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് ട്വീറ്റ് ചെയ്തതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വിതരണം ചെയ്ത് ബോര്‍ഡിങ് പാസിനെതിരെയാണ് ശശികാന്ത് രംഗത്തുവന്നത്. മൂന്നാം കക്ഷി പരസ്യങ്ങളാണ് പാസുകളില്‍ നല്‍കുന്നതെന്നും ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടന്ന സമയത്ത് അച്ചടിച്ചവയാണ് ഇപ്പോഴും വിതരണം ചെയ്യുന്നതെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കീഴില്‍ വരുമോയെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ചിത്രമടങ്ങിയ ടിക്കറ്റുകള്‍ റെയില്‍വെ പുറത്തിറക്കിയതും വിവാദമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നു ഇവ പിന്‍വലിച്ചു. നേരത്തെ അച്ചടിച്ച ടിക്കറ്റുകളാണ് വിതരണം ചെയ്തതെന്നാണ് റെയില്‍വെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ വിശദീകരണം. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയെന്ന പേരിലുള്ള കുറിപ്പ് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ എല്ലാ യാത്രക്കാര്‍ക്കും വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം ഫെബ്രുവരിയില്‍ ഉത്തരവിട്ടതും പരാതിക്കിടയാക്കിരുന്നു.

chandrika: