X

അതിര്‍ത്തിയില്‍ സംഘര്‍ഷം; ഉദ്യോഗസ്ഥന്മാര്‍ക്ക് കൂട്ട സന്ദേശം അയച്ച് വ്യോമസേന മേധാവി

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ വ്യോമസേന ഉദ്യോഗസ്ഥന്മാര്‍ക്ക് കൂട്ട സന്ദേശം അയച്ച് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. നിര്‍ദേശം കിട്ടിയാലുടന്‍ സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന സന്ദേശവുനായാണ് വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്ക് പ്രത്യേകം കത്തയച്ചിരിക്കുന്നത്. മാര്‍ച്ച് 30 നാണ് വ്യോമസേനയിലെ 12,000 ത്തോളം ഓഫീസര്‍മാര്‍ക്കും പ്രത്യേകം കത്തച്ചത്.

ഇന്ത്യന്‍ വ്യോമസേനാ മേധാവി ഓരോ ഓഫീസര്‍ക്കുമായി പ്രത്യേകം കത്തയക്കുന്നത് ഇതാദ്യമായാണ്. എന്നാല്‍ ഇതു പോലുള്ള കത്ത് കരസേനാ മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെഎം കരിയപ്പയും ജനറല്‍ കെ സുന്ദര്‍രാജയും മുമ്പ് സേനാ ഉദ്യോഗസ്ഥന്മാക്കായി അയച്ചിട്ടുണ്ട്.

അയല്‍രാജ്യമായ പാകിസ്താനുമായി അതിര്‍ത്തിയില്‍ മുന്‍പില്ലാത്തവിധം ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വ്യോമസേനാ മേധാവി കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്. കശ്മീരിലെ സംഘര്‍ഷവും സൈന്യത്തിനുനേരെയുണ്ടാകുന്ന പ്രതിഷേധ പ്രകടനങ്ങളും ആക്രമണങ്ങളും കാരണമായി വിലയിരുത്തുന്നു.

മുന്‍പില്ലാത്തവിധം ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണെന്നും വ്യോമസേനാംഗങ്ങള്‍ സര്‍വ സജ്ജരായിരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഇതിനായി ഒരുക്കങ്ങളും പരിശീലനവും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം സേനക്കെതിരെ അരോപിക്കപ്പെടുന്ന സ്വജനപക്ഷപാതവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളും ഒരുതരത്തിലും അംഗീകരിക്കില്ലെന്നും വ്യോമസേനാ മേധാവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

chandrika: