X

ലിബിയയില്‍ വീണ്ടും വ്യോമാക്രമണം

ട്രിപ്പോളി: ലിബിയയിലെ ദെര്‍നയില്‍ തീവ്രവാദ പരിശീലന ക്യാമ്പുകള്‍ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം. ഈജിപ്തില്‍ 29 കോപ്റ്റിക് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിനുശേഷം ദെര്‍നയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആരാണ് വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ഈജിപ്തിന്റെയും ലിബിയയുടെയും പ്രതികരണം വ്യക്തമായിട്ടില്ല. ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഉത്തരവാദിത്തമേറ്റെടുത്ത ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം ഈജിപ്ത് ലിബിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
2011ല്‍ പാശ്ചാത്യ ശക്തികളുടെ സഹായത്തോടെ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിനുശേഷം അരക്ഷിതാസ്ഥയിലേക്ക് നീങ്ങിയ ലിബിയ ഇപ്പോള്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയിലാണ്.
ഐ.എസ് അടക്കം നിരവധി സായുധ സംഘങ്ങള്‍ ദെര്‍നയില്‍ പിടിമുറുക്കിയിട്ടുണ്ട്. ദെര്‍നയില്‍നിന്ന് നുഴഞ്ഞുകയറിയവരാണ് ക്രിസ്ത്യന്‍ തീര്‍ത്ഥാകടകരെ ആക്രമിച്ചതെന്ന് ഈജിപ്ത് പറയുന്നു.
ലിബിയയിയില്‍ ഐ.എസിന് നിരവധി ഭീകരപരിശീലന ക്യാമ്പുകളുണ്ട്.

chandrika: