ദമസ്‌കസ്: സിറിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് കേന്ദ്രമായ സിറിയ-ഇറാഖ് അതിര്‍ത്തിയിലാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം.
യുഎസ്-സഖ്യ സേനായാണ് ആക്രമണം നടത്തിയതെന്നും മരണ സംഖ്യ ഇനിയും ഉയരുമെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. യൂഫ്രട്ടസ് നദീയ്ക്ക് സമീപത്തെ അല്‍ ബൂക്കാമല്‍ നഗരത്തിലായിരുന്നു ആക്രമണം. സൗസ, അല്‍ ബാഗൗസ് ഫക്കാനി എന്നീ നഗരങ്ങളില്‍ 30തോളം തവണ ബോംബാക്രമണം നടത്തിയതായും ഏജന്‍സി അറിയിച്ചു. ആക്രമണത്തില്‍ ഐഎസ് തീവ്രവാദികള്‍ മാത്രമല്ല, സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ഏജന്‍സി വ്യക്തമാക്കി. യുഎസ് കമാന്‍ഡ് അധികൃതര്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ഐഎസ് ഭീകരര്‍ക്കെതിരായാണ് ആക്രമണം നടത്തിയതെന്നും ഭീകരരെ തുരത്തും വരെ സൈനിക നടപടി തുടരുമെന്നും യുഎസ് കമാന്‍ഡ് അറിയിച്ചു. സിറിയിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ക്കെതിരെയും വിവിധ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ വ്യോമാക്രമണങ്ങളില്‍ ഒട്ടേറെ സിവിലിയന്മാരാണ് കൊല്ലപ്പെടുന്നതെന്നാണ് വിലയിരുത്തല്‍.