തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് വിഷയത്തില്‍ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ‘എയര്‍ ആംബുലന്‍സ് എയര്‍ ഇന്ത്യാ വിമാനമല്ല മന്ത്രീ…’ എന്ന് പരിഹസിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ കമന്റുകള്‍ നിറയുന്നത്. എയര്‍ ആംബുലന്‍സ് ഇറക്കാന്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് പഠിക്കരുതെന്നും പരിഹസിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ കുറിപ്പിട്ടു.
മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം കോഴിക്കോട് ചികിത്സയിലുള്ള രോഗിക്ക് എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാത്തത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിശദീകരണം നല്‍കിയിരുന്നു. മന്ത്രിയുടെ വിശദീകരണത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. എയര്‍ ആംബുലന്‍സ് വിമാനമല്ലെന്നാണ് സോഷ്യല്‍ മീഡിയ മന്ത്രിയെ തിരുത്തുന്നത്. വിമാനമാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആസ്പത്രിയില്‍ നിന്ന് നെടുമ്പാശേരിയിലേക്കും തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് കോഴിക്കോട്ടെ ആസ്പത്രിയിലേക്കും മാത്രമേ പോകാനാകൂവെന്നാണ് മന്ത്രി വിശദീകരിച്ചത്. വിമാനത്താവളത്തില്‍ സമയം പാഴാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണ നാല് മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. മൂന്നു മണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെത്താനാകുമെന്നു കണക്കാക്കിയാണ് ഇങ്ങനെയൊരു മാര്‍ഗം അവലംബിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.
എന്നാല്‍, എയര്‍ ആംബുലന്‍സ് വിമാനമല്ലെന്നും ഹെലികോപ്ടറാണെന്നും മന്ത്രിയുടെ പോസ്റ്റിനു താഴെയും അല്ലാതെയും ആളുകള്‍ തിരുത്തുന്നു. കോഴിക്കോട്ട് ഹെലികോപ്ടറിന് ഇറങ്ങാവുന്ന നിരവധി ഹെലിപ്പാഡുകളുണ്ടെന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.
ഹെലികോപ്ടര്‍ സ്‌കൂള്‍ ഗ്രൗണ്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമൊക്കെ ഇറക്കാം. അല്ലാതെ വിമാനത്താവളത്തില്‍ പോകേണ്ടെ ആവശ്യമില്ലെന്നും ഇനി ഇങ്ങനെയുണ്ടാകുമ്പോള്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചാല്‍ മതിയെന്നും മന്ത്രിയുടെ പോസ്റ്റിനു താഴെ ഒരാള്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടെ വിവിധ ഹെലിപ്പാഡുകളില്‍ മന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാരടക്കം ഇറങ്ങിയത് ഓര്‍മിപ്പിക്കുന്നു മറ്റൊരാള്‍. എറണാകുളം രാജഗിരി ആസ്പത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശിയുടെ ഹൃദയമാണ് കോഴിക്കോട്ടെ മെട്രോ ഇന്റര്‍നാഷണല്‍ ആസ്പത്രിയിലെത്തിച്ചത്. ഇവിടെ ചികിത്സയിലുള്ള രോഗിക്കായായിരുന്നു ആംബുലന്‍സില്‍ റോഡുമാര്‍ഗം ഹൃദയം എത്തിച്ചത്. 4.10ന് എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോട്ടെത്തി. നേരത്തെ കണക്കുകൂട്ടിയതില്‍ നിന്ന് വെറും അഞ്ചു മിനിറ്റ് വൈകിയാണ് ആംബുലന്‍സ് കോഴിക്കോട്ടെ ആസ്പത്രിയിലെത്തിയത്.
‘