X

ജലനിരപ്പ് ഉയരുന്നു; അണക്കെട്ടുകള്‍ ഒന്നൊന്നായി നിറയുന്നു-കക്കയം ഡാം ഷട്ടര്‍ തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകള്‍ ഒന്നൊന്നായി നിറയുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ക്ക് പുറമെ മലബാറിലെ മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുന്നു. എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജലസംഭരണികളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പാലക്കാട് മലമ്പുഴ, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വയനാട് ബാണാസുര സാഗര്‍ ഡാം ഉച്ചക്ക് തുറന്നു. പുഴകളിലെ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 21 ന് രാവിലെ ഏഴ് മുതല്‍ ഡാം ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം ഒഴുക്കി വിടുന്നതിന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. കുറ്റ്യാടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പുഴയില്‍ 100 സെന്റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

കാസര്‍കോട് ജില്ലയിലെ മധുവാഹിനി , തേജസ്വിനി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. മധുവാഹിനി പുഴയുടെ സമീപത്തെ മധുര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി .വെളളരികുണ്ട് താലൂക്കിലെ ബളാല്‍ പഞ്ചായത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കണ്ണൂരിലെ മലയോര മേഖലകളിലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചെങ്ങളായി , മലപ്പട്ടം, ഇരിക്കൂര്‍, കൊട്ടിയൂര്‍, അയ്യങ്കുന്ന്, ഉളിക്കല്‍ പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചരക്കണ്ടി, ഇരിട്ടി, മയ്യില്‍, മേഖലകളില്‍ വ്യാപക കൃഷിനാശയും ഉണ്ടായി. വയനാട് ജില്ലയില്‍ ഇടവിട്ടാണ് മഴ ലഭിക്കുന്നത്. മൂന്നു മണിക്ക് ബാണാസുര സാഗര്‍ ഡാം തുറക്കും .മാനന്തവാടിയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന്റെ ഒരു വശം തകര്‍ന്നു.പാലക്കാട് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പരക്കെ മഴ ലഭിക്കുന്നുണ്ട്.ചാലിയാര്‍ കടലുണ്ടി പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. ബാലുശേരി കരുമലയില്‍ മലയിടിച്ചില്‍ വീട്ടമ്മക്ക് പരുക്കുപറ്റി.സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.

 

 

chandrika: