പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് അസോസിയേഷന്റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും എയിംസ് ആര്‍ഡിഎ അറിയിച്ചു. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്.
തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പണിമുടക്കിന് ആള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) ആഹ്വാനം ചെയ്തു. അടിയന്തര ചികിത്സാ ചുമതലകളില്‍നിന്നു ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കില്ലെങ്കിലും ദൈനംദിന ഡ്യൂട്ടിയില്‍ പ്രവേശിക്കില്ലന്നു ഐ.എം.എ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ധര്‍ണ്ണകളും മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച്ച രാവിലെ 6 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് ചൊവ്വാഴ്ച രാവിലെ 6 മണിവരെ തുടരുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച ഒപി അടക്കമുള്ള സേവനങ്ങളില്‍ നിന്നു ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കും. കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് ആസ്പത്രിയില്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പാശ്ചാത്തലത്തിലാണ് ദേശവ്യാപക പണിമുടക്കിന് ഐ.എം.എ മുന്നോട്ട് വന്നത്. അക്രമികള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ഉപാധികളൊന്നുമില്ലാതെ അംഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആസ്പത്രികളില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ദേശീയതലത്തില്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഐഎംഎ ആവശ്യമുന്നയിച്ചിട്ടുണ്ട്. .
അതിനിടെ ബംഗാളില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ആരോഗ്യമേഖലയെ പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. പുറത്ത് നിന്നുള്ളവാരാണ് സമരം ചെയ്യുന്നതെന്നും ബി.ജെ.പി- സി.പി.എം ഗൂഢാലോചനയാണ് സമരത്തിന് പിന്നിലെന്നുമുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവന വിഷയം കൂടുതല്‍ വഷളാക്കി. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ നില്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സക്കിടെ രോഗി മരിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച രാത്രി ഡോക്ടര്‍മാര്‍ക്കെതിരെ ഒരു സംഘം ആക്രമണമഴിച്ചുവിട്ടത്. ഇതില്‍ പ്രതിഷേധിച്ച് നാല് ദിവസമായി നടന്നുവരുന്ന ഡോക്ടര്‍മാരുടെ സമരം ഇന്നലെയും തുടര്‍ന്നു. സമരത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ നിന്ന് 108 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. ബംഗാളിലെ മറ്റ് ആസ്പത്രകളില്‍ നിന്നും ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ അരങ്ങേറി.
ഇതിനിടെ ഡോക്ടമാരുടെ സമരം എത്രയും വേഗം തീര്‍പ്പാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് വാക്കാല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കുന്നതിന് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണക്കിവെയായിരുന്നു ചീഫ് ജസ്റ്റിസ് ടി.ബി.എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം. അതേസമയം ഔദ്യോഗിക ഉത്തരവുകള്‍ കോടതി പുറപ്പെടുവിച്ചില്ല. നഗരത്തിലെ ആസ്പത്രിയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ട കോടതി കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. സ്ഥാനാരോഹണ വേളയില്‍ നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ(രോഗിയുടെ നന്മക്കു വേണ്ടി നിലകൊള്ളുമെന്ന) ഓര്‍മ്മയില്‍ വേണമെന്ന് സമരം ചെയ്യുന്ന ഡോക്ടമാരേയും കോടതി ഓര്‍മ്മിപ്പിച്ചു. അഭിമാന പ്രശ്‌നമായി വിഷയത്തെ കാണരുതെന്നും എത്രയും വേഗം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു.