X

പ്രഥമ ഇ. അഹമ്മദ് സ്മാരക ഫുട്‌ബോള്‍ കിരീടം എയിംസ് എഫ്.സിക്ക്

ന്യൂഡല്‍ഹി: പ്രഥമ ഇ. അഹമ്മദ് സ്മാരക ഫുട്‌ബോള്‍ കിരീടം എയിംസ് എഫ്.സി സ്വന്തമാക്കി. ദില്ലി കെ.എം.സി.സിയും റോയല്‍ ട്രാവല്‍സും സംയുക്തമായി സംഘടിപ്പിച്ച ദില്ലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്ലബ് ഡെ ഡിയുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എയിംസ് എഫ്.സി ജേതാക്കളായി. ലോദി റോഡ് കന്നഡ സ്‌കൂള്‍ മൈതാനത്ത് നടന്ന അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിലാണ് എയിംസ് എഫ്.സി കിരീടം ചൂടിയത്.

എയിംസ് എഫ്.സിക്ക് വേണ്ടി നവനീത് ഫൈനലില്‍ ആദ്യം വലകുലുക്കി. എന്നാല്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ക്ലബ് ഡെ ഡിയു ദിനു ഷാദിലിലൂടെ ഗോള്‍ മടക്കി സമനില നേടി. വീണ്ടും നവനീതിലൂടെ രണ്ടാം പകുതിയില്‍ വിജയ ഗോള്‍ നേടി എയിംസ്
എ.ഫ്‌സി പ്രഥമ ഇ.അഹമദ് കപ്പില്‍ മുത്തമിടുകയായിരുന്നു.

അത്യന്തം വാശിയേറിയ ടൂര്‍ണമെന്റില്‍ ദില്ലി മലയാളികള്‍ക്കിടയിലെ എട്ട് ടീമുകളാണ് ഇ.അഹമദ് മെമ്മോറിയല്‍ ട്രോഫിക്കായി പോരടിച്ചത്. പതിറ്റാണ്ടുകളായി ദില്ലി മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഇ.അഹമദിന്റെ പേരില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് തുടക്കാവസാനം വരെ കാണികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ആദ്യ സെമി ഫൈനലുകളില്‍ മലബാര്‍ മക്കാനിയെയും അല്‍ ഹിന്ദ് എഫ്.സിയെയും പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് ക്ലബ് ഡെഡിയുവും എയിംസ് എഫ്.സിയും ഫൈനലില്‍ പ്രവേശിച്ചത്.

എയിംസ് എഫ്‌സി യുടെ നവനീത് ടൂര്‍ണമെന്റലിലെ മികച്ച താരമായി തിരഞ്ഞടുക്കപ്പെട്ടു. മികച്ച ഗോള്‍കീപ്പറായി ക്ലബ് ഡെഡിയു താരം റിനാസ് റാഫിയെ തിരഞ്ഞെടുത്തു. ഫെയര്‍പ്ലെ അവാര്‍ഡ് അവാര്‍ഡിന് മലബാര്‍ മക്കാനി ടീം അര്‍ഹരായി. ജേതാക്കള്‍ക്കുള്ള ഉപഹാരം ഡി.ഡി.എ ചെയര്‍മാന്‍ സുബ്ബു റഹ്മാന്‍, പ്രശാന്ത് നായര്‍ ഐ.എ.എസ് എന്നിവര്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റിന്റെ ഭാഗമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ടീമും ദില്ലി കെ.എം.സി.സി ടീമും തമ്മില്‍ സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: