ഇനിയെങ്കിലും കോവിഡിനെ നിസ്സാരമായി കാണരുത്, വലിയ പ്രത്യാഘാതം ഉണ്ടാകും: മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ഡല്‍ഹി: ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ രോഗവ്യാപന നിരക്ക് ഉയരും. ഇത് രാജ്യത്തെ ആരോഗ്യമേഖലയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ അധികാരികളോട് എയിംസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. നേരത്തെ ഒരു കോവിഡ് രോഗിക്ക് സമ്പര്‍ക്കപ്പട്ടികയിലുള്ള 30 ശതമാനം ആളുകളെ മാത്രമേ രോഗബാധിതരാക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ വലിയ തോതില്‍ ആളുകളിലേക്ക് രോഗം പകരുന്നതായാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പകര്‍ച്ചവ്യാധി നിരക്ക് കൂടുതലാണ്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ മാരകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അശ്രദ്ധ തുടര്‍ന്നാല്‍ ഇതുവരെ നമ്മള്‍ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെട്ടു എന്നുവരാം. രോഗവ്യാപന നിരക്ക് കൂടിയാല്‍ ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. അതുകൊണ്ട് രോഗം വരില്ല എന്ന് കരുതരുത്. രോഗം ഗുരുതരമാക്കുന്നത് തടയാന്‍ വാക്‌സിന് സാധിക്കുമെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി.

Test User:
whatsapp
line