ഡല്‍ഹി: സാധാരണക്കാര്‍ കോവിഡ് വാക്‌സിനായി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഒരു കോവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമായി ലഭ്യമാകാന്‍ ഒരു വര്‍ഷത്തിലധികമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ഉപയോഗിച്ച് കോവിഡ് പൂര്‍ണമായും തുടച്ചുനീക്കാനാകില്ലെന്നും രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേര്‍ത്തു.
സിഎന്‍എന്‍ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ദീപ് ഗുലേറിയ കോവിഡ് വാക്‌സിന്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അഭിപ്രായപ്പെട്ടത്. ‘നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാണ്. ഫഌ വാക്‌സിന്‍ പോലെ കോവിഡ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകാന്‍ സമയമെടുക്കും. ഇതാണ് യഥാര്‍ത്ഥ സാഹചര്യം’ ഗുലേറിയ പറഞ്ഞു.
ശീതീകരണ സംവിധാനം, സിറിഞ്ചുകള്‍, സൂചികള്‍ എന്നിവ ഉറപ്പാക്കി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും വാക്‌സിന്‍ തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമതൊരു വാക്‌സിന്‍ ലഭ്യമാകുകയും അത് ആദ്യത്തേതിനേക്കാള്‍ ഫലപ്രദമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരിക്കും മറ്റൊരു വെല്ലുവിളി ഉയരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കാണ് വാക്‌സിന്‍ എ ആവശ്യമെന്നും ആര്‍ക്കാണ് വാക്‌സിന്‍ ബി ആവശ്യമെന്നും എങ്ങനെ തീരുമാനിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുന്നോട്ട് പോകുമ്പോള്‍ ധാരാളം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന കോവാക്‌സിന്‍ 2021 ഫെബ്രുവരിയില്‍ വിപണിയിലെത്തെും എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഗുലേറിയയുടെ പ്രതികരണം.