ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും രോഗവ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഈ സംസ്ഥാനങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പ്രതിദിന രോഗികളുടെ നിരക്ക് ഈ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നതിന് പിന്നില്‍ തിരിച്ചറിയപ്പെടാത്ത പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യമാണെയെന്ന കാര്യത്തില്‍ പഠനം നടത്തണമെന്ന് ഡോക്ടര്‍ ഗുലേറിയ പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുതായി രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണത്തില്‍ 71 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്ത 80,536 പുതിയ കേസുകളില്‍ 56,932 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 39,260 എണ്ണം കേരളത്തില്‍ നിന്ന് മാത്രമാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഒരാഴ്ചക്കിടെ രാജ്യത്ത് രോഗബാധിതരായവരില്‍ 49 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.