ഹൈദരാബാദ്: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റില്‍ ജയിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. വരാനിരിക്കുന്ന പശ്ചിമബംഗാള്‍, യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചു.
‘ബംഗാളിലും യുപിയിലും ഇന്ത്യയിലെ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കും. മരണത്തിന് മാത്രമേ എന്നെ തടുത്തു നിര്‍ത്താനാകൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് എനിക്ക് ആരോടെങ്കിലും ചോദിക്കാനുണ്ടോ? ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. എന്റെ പാര്‍ട്ടി വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’ – ഉവൈസി വ്യക്തമാക്കി.
‘മിന്നിത്തിളങ്ങുന്ന നക്ഷത്രമാണ് അസദുദ്ദീന്‍ ഉവൈസി. ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ബംഗാളിലേക്ക് പോകുന്നു. എന്തു വില കൊടുത്തും പോകും. മുര്‍ഷിദാബാദ്, മാള്‍ഡ, ദിനാജ്പൂര്‍ തുടങ്ങി എല്ലാ ഇടങ്ങളിലുമെത്തും. അവിടെയുള്ള മുസ്‌ലിംകളുടെ ഉത്തരവാദിത്വം അധിര്‍ രജ്ഞന്‍ ചൗധരി (കോണ്‍ഗ്രസ് നേതാവ്) ഏറ്റെടുക്കുമോ?’ – അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം ഉവൈസിയെ വോട്ടുഭിന്നിപ്പിക്കുന്നയാള്‍ എന്ന് അധിര്‍ രജ്ഞന്‍ ചൗധരി വിശേഷിപ്പിച്ചിരുന്നു. ബിജെപിക്കു വേണ്ടിയാണ് ഉവൈസി പണിയെടുക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
‘എന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് നന്ദി പറയാന്‍ വാക്കുകളില്ല. അല്ലാഹുവിനോട് നന്ദി പറയുന്നു. ബിഹാറില്‍ വലിയ രാഷ്ട്രീയ ശക്തിയാകാനാണ് ശ്രമം. സീമാഞ്ചലിലെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കും എന്ന വാഗ്ദാനത്തോടെയാണ് യാത്ര തുടങ്ങിയത്. അറുപത് വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. ബിഹാറിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കമായ പ്രദേശമാണിത്. സീമാഞ്ചലിന് വേണ്ടിയുള്ള പോരാട്ടം തുടരും’ – ഉവൈസി കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ 20 സീറ്റിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്. ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ട് എന്ന കൂട്ടായ്മക്കു കീഴിലായിരുന്നു മത്സരം. അഞ്ചു സീറ്റില്‍ വിജയിച്ച എഐഎംഐഎം പോള്‍ ചെയ്ത നാലു കോടി വോട്ടുകളില്‍ 1.24 ശതമാനം വോട്ടുകള്‍ നേടി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 0.5 ശതമാനം വോട്ടു മാത്രമാണ് പാര്‍ട്ടി നേടിയിരുന്നത്.