മലേഗാവ് മുന്‍ മേയറും എ.ഐ.എം.ഐ.എം നേതാവുമായ അബ്ദുല്‍ മാലിക് യൂനുസ് ഈസയ്ക്ക് വെടിയേറ്റു. ഇന്നു പുലര്‍ച്ചെ നാസിക് ജില്ലയിലെ മലേഗാവില്‍ ഒരു ഹോട്ടലിലാണു സംഭവം. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാലികിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്നു പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം നടന്നത്. മലേഗാവിലെ ഓള്‍ഡ് ആഗ്ര റോഡിലുള്ള ഒരു ഹോട്ടലിനു പുറത്ത് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുല്‍ മാലിക്. ഈ സമയത്ത് ബൈക്കിലെത്തിയ അജ്ഞാതസംഘം അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണു ദൃക്സാക്ഷികള്‍ പറയുന്നത്. വെടിവയ്പ്പിനു പിന്നാലെ സംഘം രക്ഷപ്പെടുകയും ചെയ്തു.
ആക്രമണത്തിനു പിന്നാലെ അബ്ദുല്‍ മാലികിനെ മലേഗാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി നാസികിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കൈയിലും കാലിലും വെടിയേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണു വിവരം.
ആക്രമണ വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് നൂറുകണക്കിന് എ.ഐ.എം.ഐ.എം പ്രവര്‍ത്തകര്‍ തടിച്ചുകൂടി. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നൂറുകണക്കിന് പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
എ.ഐ.എം.ഐ.എമ്മിന്റെ മലേഗാവ് സെന്‍ട്രല്‍ എം.എല്‍.എ മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ ഖാലിഖ് ആശുപത്രിയിലെത്തി അബ്ദുല്‍ മാലികിനെ സന്ദര്‍ശിച്ചു. പ്രതികളെ ഒട്ടും താമസമില്ലാതെ പിടികൂടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ തിരിച്ചറിയാനാകാത്ത രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു. ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഷയത്തില്‍ ഇടപെടണമെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
15 വര്‍ഷമായി മലേഗാവില്‍ കൗണ്‍സിലറായിരുന്നു അബ്ദുല്‍ മാലിക്. കോര്‍പറേഷന്‍ മേയറായും കൗണ്‍സിലറായും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനാണ്. നിലവില്‍ മലേഗാവ് മഹാനഗര്‍ എ.ഐ.എം.ഐ.എം അധ്യക്ഷനാണ്.