ഹൈദരാബാദ്: അസദുദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) യുവജനനേതാവ് അസദ് ഖാനെ ഹൈദരാബാദിൽ നടുറോഡില്‍ പട്ടാപ്പകൽ വെട്ടിക്കൊന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ മൈലാർദേവ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വട്ടപ്പള്ളിയിലാണ് സംഭവം. ആക്രമണം നടത്തിയതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികള്‍ പിന്തുടര്ന്ന് വെട്ടിക്കൊല്ലുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉസ്മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അസദ്ഖാന്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ നടന്ന ഏതെങ്കിലും സംഭവത്തിന്റെ പ്രതികാരമാണോ കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.