X

എയിംസ് എം.ബി.ബി.എസ് ആദ്യഘട്ട രജിസ്‌ട്രേഷന്‍ തുടങ്ങി

എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) 2019-ലെ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള ആദ്യഘട്ട രജിസ്‌ട്രേഷന്‍ തുടങ്ങി. പ്രോസ്‌പെക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍പി.എ.എ.ആര്‍. സംവിധാനം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

യോഗ്യത
ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് 10+2 പദ്ധതിയില്‍ 12ാം ക്ലാസ് പരീക്ഷ/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം.

യോഗ്യതാപരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനവും ഒ.പി.എച്ചുകാര്‍ക്ക് 40 ശതമാനവും) നേടി ജയിച്ചവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്. അവസാന തീയതി: ജനുവരി മൂന്നിന് വൈകീട്ട് അഞ്ച് വരെ.

രജിസ്‌ട്രേഷന്‍ രണ്ട് ഘട്ടങ്ങളായി

രണ്ടുഘട്ടങ്ങളായുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയയാണ് പി.എ.എ.ആര്‍. ആദ്യ ഘട്ടം ഇന്നുമുതലും അന്തിമ രജിസ്‌ട്രേഷന്‍ ഫെബ്രുവരിയിലും നടക്കും. ആദ്യ രജിസ്‌ട്രേഷന്‍ അംഗീകരിച്ചാല്‍മാത്രമേ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയൂ.

ആദ്യഘട്ടം: ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയും ഇമേജുകള്‍ അപ്‌ലോഡുചെയ്തും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സ്വീകരിച്ചതും നിരാകരിച്ചതുമായ വിവരങ്ങള്‍ ജനുവരി ഏഴിന് ലഭിക്കും. തെറ്റുകള്‍ തിരുത്താന്‍ ജനുവരി എട്ടുമുതല്‍ 18 വരെ സമയം നല്‍കും. അന്തിമനില ജനുവരി 22ന് പ്രസിദ്ധപ്പെടുത്തും. ഈ ഘട്ടത്തില്‍ ഫീസ് അടക്കേണ്ടതില്ല.

രണ്ടാംഘട്ടം: അടിസ്ഥാന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനപരീക്ഷ എഴുതുന്നുണ്ടെങ്കില്‍ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടത്തണം. ആദ്യ രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെട്ടവര്‍ക്ക് രണ്ടാംഘട്ട രജിസ്‌ട്രേഷനുവേണ്ടിയുള്ള കോഡ് ജനറേറ്റ് ചെയ്യാന്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 17 വൈകീട്ട് അഞ്ചുവരെ സമയം കിട്ടും.

പ്രോസ്‌പെക്ടസ് ജനുവരി 29 മുതല്‍ ലഭിക്കും. പരീക്ഷാഫീസ് അടക്കാനും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനും ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 12 വൈകീട്ട് അഞ്ചുവരെ അവസരമുണ്ടാകും. പരീക്ഷ എഴുതുന്നില്ലെങ്കില്‍ ഈ ഘട്ടം ഒഴിവാക്കാം. നിലവിലുള്ള ആദ്യ രജിസ്‌ട്രേഷന്‍ വെച്ച് പിന്നീടുള്ള സെഷനിലെ പരീക്ഷക്കുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ആ സമയത്ത് നടത്താം.

ബേസിക് രജിസ്‌ട്രേഷന്‍ എന്നും നിലനില്‍ക്കും. പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍. അഡ്മിറ്റ് കാര്‍ഡ് മേയ് 15 മുതല്‍ സൈറ്റില്‍നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കാം. മേയ് 25നും 26നുമാണ് പ്രവേശനപരീക്ഷ.

chandrika: